മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്. ചതുർബാഹുവാണ്. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച് ആഭരണങ്ങളും ധരിച്ച് കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത് കിരീടത്തിന്റെ മുകളിലൂടെ രണ്ട് വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ് സങ്കല്പം.
പ്രത്യേകതകൾ
സാധാരണ മറ്റ് ക്ഷേത്രങ്ങളിൽ ഉള്ള പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ,അത്താഴ പൂജ എന്നീ പൂജകൾ നടത്തുന്നു. ഉഷപൂജയും പന്തീരടിയും ഇല്ല. പുറത്തേക്ക് എഴുന്നള്ളിക്കുക ഉത്സവകാലങ്ങളിൽ മാത്രമേ പതിവുള്ളു. ഉത്സവബലിയും ഇല്ല. ശ്രീഭൂതബലി മാത്രമേ ഉള്ളു. ക്ഷേത്രത്തിൽ തെച്ചി, തുളസി മുതലായ പൂജാപുഷ്പങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ക്ഷേത്രത്തിൽ വളരുന്നില്ല. ക്ഷേത്രത്തിലെ തീർത്ഥത്തിൽ മത്സ്യങ്ങൾ ഒഴികെ മറ്റ് ജലജന്തുക്കൾ സാധാരണമല്ല. പൂജയ്ക്കായി ചന്ദനത്തിരി,കർപ്പൂരം മുതലായവ ഉപയോഗിക്കുന്നില്ല.
വഴിപാടുകൾ
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ: താമരമാല, മീനൂട്ട്, വഴുതനങ്ങ നിവേദ്യം, കൂത്ത് , അവിൽ നിവേദ്യം, നെയ് വിളക്ക്, വെടി വഴിപാട് എന്നിവയാണ്. അഭിഷ്ടസിദ്ധിക്കും സത്സന്താന ലബ്ധിക്കും കൂത്ത് വഴിപാട് നടത്താറുണ്ട്. ക്ഷേത്രത്തിലെ മറ്റൊരു വഴിപാടാണ് കളഭം. ക്ഷേത്രത്തിൽ 41 ദിവസം തുടർച്ചയായി അത്താഴപൂജയ്ക്ക് തൊഴുന്നതും ശ്രേയസ്ക്കരമാണ്. കൂട്ട്പായസം സവിശേഷമാണ്. നാലിടങ്ങഴി അരികൊണ്ടുള്ള വെള്ള നിവേദ്യവും മുഖ്യമാണ്. പാല്പായസം, അപ്പം, നെയ്പായസം,ത്രിമധുരം,തുലാഭാരം എന്നിങ്ങനെ വിവിധതരത്തിലുള്ള വഴിപാടുകൾ വേറെയുണ്ട്.
ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങൾ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപിനി മഹർഷിഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീർത്ഥം എന്ന് അറിയപ്പെടുന്നു. ആറാട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീർത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർണ്ണമാകണമെങ്കിൽ തീർത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടൻ കുളം എന്ന് അറിയപ്പെടുന്നു.
ഉത്സവം
മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി,തിരുവോണം നാളിൽ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ് കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്.
തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ് ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളിൽ കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെതുടക്കം കുറിക്കുന്നു. കൊടിയേറ്റത്തിൻറെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ് ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതൽ പള്ളിവേട്ടയുടെ തലെന്നാൾ വരെ ,‘വിളക്കിനെഴുന്നള്ളത്ത് ‘എന്ന ചടങ്ങുണ്ട്. ‘വലിയ വിളക്ക് ‘എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേർ. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതൽ പള്ളിവേട്ട നാൾ പകൽ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും.
എങ്ങനെ എത്തിച്ചേരാം
റെയിൽവേ സ്റ്റേഷൻ – ഇരിഞ്ഞാലക്കുട – 10 കിലോമീറ്റർ അകലെ.
പ്രധാന റെയിൽവേ സ്റ്റേഷൻ – തൃശ്ശൂർ – 21 കിലോമീറ്റർ അകലെ.
ഏറ്റവും അടുത്തുള്ള പട്ടണം – തൃശ്ശൂർ – 21 – കിലോമീറ്റർ അകലെ.
വിമാനത്താവളം – കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം – 40 കിലോമീറ്റർ അകലെ
വിലാസം
കാര്യദർശി
കൂടൽ മാണിക്യം ദേവസ്വം
ഇരിഞ്ഞാലക്കുട
കേരള .–680121
Phone – 0480-2826631 (Office)
0480-2822631 (Temple)