May 27, 2026

കൊടുമണ്‍ ചിലന്തിയമ്പലം (പള്ളിയറ ദേവീ ക്ഷേത്രം )

ഭാരതത്തിൽ ചിലന്തിയെ ആരാധിക്കുന്ന സമ്പ്രദായം നിലനിൽക്കുന്ന അപൂർവ ക്ഷേത്രങ്ങളിലൊന്നാണിത്. പത്തനംതിട്ട ജില്ലയിൽ ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ കൊടുമൺ ജങ്ഷനിൽ നിന്നും 1.5 കി. മീ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന പള്ളിയറ ദേവീക്ഷേത്രമാണ് ചിലന്തിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നത്‌. ഈ ദേവീ ക്ഷേത്രത്തിൽ വന്നു പൂജ ചെയ്തു പ്രസാദം കഴിപ്പിച്ചാൽ എത്ര കടുത്ത ചിലന്തി വിഷ ബാധയും ശമിക്കുമെന്നാണ് ഭക്ത ജന വിശ്വാസം.

ഐതീഹ്യം

ചെന്നീര്‍ക്കര തമ്പുരാക്കന്‍മാരില്‍ ഒരാളായ രവീന്ദ്ര വിക്രമന്‍ ആയുര്‍വേദ ആചാര്യനും പേരുകേട്ട വിഷചികിത്സകനുമായിരുന്നു. ഇദേഹം അങ്ങാടി മരുന്നുകളും പച്ചമരുന്നുകളും വാങ്ങി കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്നു. ഇദേഹത്തിന് ആകെയുണ്ടായിരുന്നത് മൂന്ന് പെണ്‍മക്കളായിരുന്നതിനാല്‍ തന്റെ കാലശേഷം ചികിത്സ തുടര്‍ന്നുകൊണ്ടു പോകാന്‍ സാദ്ധ്യമല്ലെന്നു മനസിലാക്കിയ തമ്പുരാന്‍ വലിയ കിടങ്ങുകുഴിച്ച് മരുന്നുകള്‍ അതിലിട്ടുമൂടി. ക്ഷേത്രത്തിനു ചുറ്റുമായി കുഴിച്ചിട്ട ഈ കിടങ്ങില്‍കൂടി വരുന്ന ഔഷധ ജലമാണ് ക്ഷേത്രകിണറ്റില്‍ എത്തിച്ചേരുന്നതത്രേ. തമ്പുരാന്റെ മരണശേഷം മക്കളില്‍ മൂത്ത തമ്പുരാട്ടി വസൂരി ബാധിച്ചു മരിച്ചു. രണ്ടാമത്തെ മകള്‍ ജ്യേഷ്ഠത്തി മരിച്ച നിരാശകൊണ്ട് ആത്മഹത്യചെയ്തു. മൂന്നാമത്തെ മകള്‍ കൊട്ടാരത്തിലെ ഒരു അറയില്‍ കയറി തപസ് അനുഷ്ഠിക്കാന്‍ തുടങ്ങി. അങ്ങനെ ചെന്നീര്‍ക്കര രാജവംശം അസ്തമിച്ചു. കാലശേഷം പറഞ്ഞെഴുതിവച്ചിരുന്ന ചെമ്പോല പ്രമാണത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നീര്‍ക്കര തമ്പുരാന്റെ സ്വത്തവകാശം മണ്ണടി വാക്കഞ്ഞിപ്പുഴ മഠത്തിലേക്കായി. വളരെ കാലങ്ങള്‍ക്കുശേഷം അവിടെനിന്നും ആളുകളെത്തി അറ തുറന്നുനോക്കുമ്പോള്‍ ചിലന്തികളെ കൊണ്ടു മൂടിയ തമ്പുരാട്ടിയുടെ അസ്ഥികള്‍ മാത്രമാണ് കണ്ടത്. അങ്ങനെ ആ ഇളയ തമ്പുരാട്ടി ചിലന്തി തമ്പുരാട്ടിയായി. താന്ത്രിക വിധിയനുസരിച്ച് തമ്പുരാട്ടിയെ ശുദ്ധിചെയ്ത് പള്ളിയറ ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതോടുകൂടി ഈ ക്ഷേത്രം ചിലന്തിയമ്പലം എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി.

വിശദ വിവരങ്ങൾക്ക്

ഫോണ്‍ : +91 4734 287002

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കരുനാഗപ്പള്ളി, 38 കി. മീ. |  അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 98 കി. മീ.

 

അമ്മേ നാരായണ ദേവി നാരായണ