May 27, 2026

താണിക്കൂടം ഭഗവതിക്ഷേത്രം

തൃശൂര്‍ നഗരത്തില്‍ നിന്ന് പത്തു കിലോമീറ്റര്‍ വടക്കു കിഴക്കു മാറി കുറിച്ചിക്കരയില്‍ താണിക്കൂടം പുഴയോരത്താണ് താണിക്കൂടം ഭഗവതി കുടികൊള്ളുന്നത്.
ഐതീഹ്യം
പൊതുവേ നിബിഢവനമായിരുന്ന ഈ പ്രദേശത്ത് ക്രൂരന്മാരും ലുബ്ധന്മാരുമായിരുന്ന കുറേ ബ്രാഹ്മണകുടുംബങ്ങളായിരുന്നു ഒരു കാലത്ത് താമസിച്ചിരുന്നതത്രേ. ഒരു രാത്രി ജ്ഞാനിയായ ഒരു ഭിക്ഷു ഗ്രാമത്തിൽ എത്തിപ്പെട്ടു. പ്രായാധിക്യവും യാത്രാക്ഷീണാവും കൊണ്ട് അവശനായ അദ്ദേഹം വിശപ്പാറ്റാനും രാത്രി തങ്ങാനുമായി ഓരോന്നായി 41 വീടുകളിലും ചെന്നു. എന്നാൽ എല്ലാ വീട്ടുകാരും അദ്ദേഹത്തെ നിർദ്ദാക്ഷിണ്യം കയ്യൊഴിഞ്ഞു. അവസാനത്തെ വീട്ടുകാർ അദ്ദേഹത്തെ വിഡ്ഢിയാക്കാനായി അകലെയുള്ള താണിമരം കാണിച്ചുകൊടുത്ത് അതിനുതാഴെ കാളി എന്നുപേരായ ഒരു വാരസ്യാർ താമസിക്കുന്നുണ്ടെന്നും അവിടെച്ചെന്നാൽ അവൾ ഭക്ഷണവും മറ്റു സൌകര്യങ്ങളും നൽകുമെന്നും പറഞ്ഞറിയിച്ചു. ഇതനുസരിച്ച് മരത്തിനുകീഴെയെത്തിയ ഭിക്ഷു യഥാർത്ഥത്തിൽ അവിടെ നല്ലൊരു വീടും അദ്ദേഹത്തെ അതിഥിയായി സ്വീകരിക്കാനായി ഒരു യുവതിയേയും കണ്ടുമുട്ടി. അവർ അദ്ദേഹത്തിനുവേണ്ട ഭക്ഷണവും താമസിക്കാനുള്ള സൌകര്യങ്ങളും ചെയ്തുകൊടുത്തു. രാത്രി എന്തെങ്കിലും വാദ്യഘോഷങ്ങളോ നിലവിളികളോ മറ്റ് അസാധാരണ ശബ്ദങ്ങളോ കേട്ടാലും ഗൌനിക്കരുതെന്നും സ്വന്തം കിടക്ക വിട്ടൊഴിഞ്ഞ് പുറത്തിറങ്ങരുതെന്നും നിർദ്ദേശിച്ച് കാളി വാരസ്യാർ പിൻ‌വാങ്ങിയത്രേ.
പിറ്റേന്നുരാവിലെ ഉണർന്നെണീറ്റ ഭിക്ഷുവിനു് കാളിയേയോ മറ്റാരെയുമോ പരിസരത്തൊന്നും കാണുവാൻ കഴിഞ്ഞില്ല. സമീപത്തുണ്ടായിരുന്ന ബ്രാഹ്മണഗൃഹങ്ങളെല്ലാം അഗ്നിക്കിരയായി മുച്ചൂടും മുടിഞ്ഞും പോയിരുന്നു. തനിക്കു പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ ദുർഗ്ഗയാണെന്നു ബോദ്ധ്യമായ ഭിക്ഷു സ്വയം മുൻ‌കയ്യെടുത്ത് ഉടനെത്തന്നെ തത്സ്ഥാനത്ത് ഒരു ക്ഷേത്രം പണികഴിച്ചു എന്നാണു് തലമുറകളായി കൈമാറിവരുന്ന ഐതിഹ്യം.
ചരിത്രം
മറ്റു പല കേരളക്ഷേത്രങ്ങളേയും പോലെ താണിക്കുടം ക്ഷേത്രത്തിനെക്കുറിച്ചും നിയതമായ ലിഖിതചരിത്രരേഖകൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ‘കുളങ്ങരെ’ എന്നറിയപ്പെടുന്ന നായർ കുടുംബത്താവഴിയായിരുന്നു ഏറെക്കാലം ക്ഷേത്രത്തിന്റെ ഊരാഴ്മക്കാർ. ഇപ്പോഴും ഈ കുടുംബത്തിന്റെ പ്രതിനിധികൾ ക്ഷേത്രച്ചടങ്ങുകളുടെ അവിഭാജ്യഘടകമാണു്. ഏകദേശം പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലഘട്ടങ്ങൾ മുതലുള്ള സർവ്വേ രേഖകളിലും കൊച്ചി രാജവംശത്തിന്റെ ഭരണരേഖകളിലും മറ്റും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
പ്രതിഷ്ഠ
ശ്രീകോവിലിന് ചുറ്റും മതില്‍ കെട്ടി അതിനുള്ളില്‍ നില്‍ക്കുന്ന വലിയ വൃക്ഷച്ചുവട്ടിലാണ് മൂല പ്രതിഷ്ഠ നിലകൊള്ളുന്നത്. അത് പണ്ട് താണിമരമായിരുന്നത്രെ. ഇന്ന് കാണുന്നത് പൂവ്വമരമാണ്. മരച്ചുവട്ടിലുള്ള രൂപമില്ലാത്ത ശിലാഖണ്ഡത്തില്‍ നിന്നാണ് ആദിദ്രാവിഡര്‍ ദേവിക വിളി ആദ്യം കേട്ടത്. ദര്‍ശനത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഈ മൂലസ്ഥാനം കാണാന്‍ കഴിയില്ല. ഇതിന്റെ കിഴക്കുഭാഗത്ത് കരിങ്കല്ല് കൊണ്ട് താന്ത്രിക വിധിയനുസരിച്ച് മേല്‍പ്പുരയില്ലാത്ത ശ്രീകോവില്‍ നിര്‍മിച്ച് ശിലയില്‍ തീര്‍ത്ത കണ്ണാടിവിഗ്രഹം പ്രതിഷ്ഠിച്ചു. പിന്നീട് ശ്രീമൂലസ്ഥാനവും ശ്രീകോവിലിനകത്തെ പ്രതിഷ്ഠയും തമ്മില്‍ ഭിത്തിയിലുള്ള ഒരു ദ്വാരം വഴി ബന്ധിപ്പിച്ചു. ഭിത്തിയിലെ കല്ലുവിളക്ക് തെളിയുമ്പോള്‍ ആ പ്രകാശധാ‍രയിലൂടെ വിഗ്രഹങ്ങള്‍ പരസ്പരം ബന്ധപ്പെട്ട് ചൈതന്യം പ്രവഹിക്കുന്നു.
ഉപദേവതകള്‍
ക്ഷേത്രപാലകന്‍,അയ്യപ്പന്‍,മാളികപുറത്ത് അമ്മ,നാഗരാജാവ്,നാഗയക്ഷി ബ്രഹ്മരക്ഷസ്സ്,ഗണപതി.
പ്രത്യേകതകള്‍
സാധാരണ കേരളത്തിനെ പല അമ്പലങ്ങളിലും പ്രതിഷ്ടയെ പുഴയിലോ കുളങ്ങളിലോ കൊണ്ട് പോയി ‘ആറാട്ട് ‘നടത്തുന്ന പതിവുണ്ട് പക്ഷെ ഇവിടെ മാത്രം പ്രകൃതി ദേവിയെ തേടിയെത്തുകയാണ് ആറാട്ട് നടത്താനായി. ഇവിടെയല്ലാതെ ഇന്ത്യയില്‍ ഒരിടത്തും ‍ ഇത്തരം ഒരു ആറാട്ട്‌ നടക്കുന്നതായി ഇതുവരെ കേട്ടിട്ടില്ല. മറ്റൊരു പ്രത്യേകത കൂടി ഈ അമ്പലത്തിനുണ്ട് . എല്ലാ അമ്പലങ്ങളിലും ശ്രീകോവില്‍ പണിതു അതിനുള്ളില്‍ മഴയും വെയിലും കൊള്ളാതെയാണ് സാധാരണ പ്രതിഷ്ഠകള്‍ സ്ഥാപിക്കാറുള്ളത്, പക്ഷെ ഇവിടെ മേല്കൂരയില്ലത്ത ശ്രീകോവിലിലാണ് ഭഗവതിയുടെ പ്രതിഷ്ഠ വെച്ചിരിക്കുന്നത്.
പ്രധാന ആഘോഷങ്ങള്‍
താണിക്കുടം ക്ഷേത്രത്തിലെ പ്രധാന ഉത്സവം വിഷുവിനോട് അനുബന്ധിച്ചുള്ള വിഷുപ്പൂരവും വിഷു സംക്രമ വേലയുമാണ്
മറ്റു ആഘോഷങ്ങള്‍-പ്രതിഷ്ഠാദിനം,ദേശ‌വിളക്ക്,പത്താമുദയം,മണ്ഡലകാലം,കർക്കിടക സംക്രാന്തി,മകരച്ചൊവ്വയും പാനപ്പറ പുറപ്പാടും,ഇല്ലംനിറ
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് പതിനാലു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് തൃശ്ശൂര്‍ വടക്കേ ബസ്സ്റാന്റില്‍ നിന്നും അഞ്ചു മിനിറ്റ് ഇടവിട്ട് ബസ്സൗകര്യം ലഭ്യമാണ് .
അടുത്തറെയില്‍വേ സ്റ്റേഷന്‍ -തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷന്‍[15 km]
അടുത്ത വിമാനത്താവളം -കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം[64 km]
ക്ഷേത്ര മേല്‍വിലാസം
താണിക്കൂടം ഭഗവതി ക്ഷേത്രം,താണിക്കൂടം,മണ്ണുത്തി-680031
phone : +7(111)123456789 E-mail : thanikkudamtemple@gmail.com
അമ്മേ നാരായണ ദേവി നാരായണ