ദിവസേന ആയിരക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനായി എത്തുന്ന ഉത്തരകേരളത്തിലെ പ്രസിദ്ധമായ ക്ഷേത്രമാണ് പറശ്ശിനി മടപ്പുര മുത്തപ്പന് ക്ഷേത്രം. കണ്ണൂര്‍ തളിപ്പറമ്പ് നാഷണല്‍ ഹൈവേയില്‍ ധര്മ്മശാലയില്നിന്നും നാലു കിലോമീറ്റര്‍ കിഴക്കായാണ് ക്ഷേത്രം നിലകൊള്ളുന്നത്
പ്രതിഷ്ഠ
പരമശിവന്റെ അവതാരമായ ശ്രീ മുത്തപ്പന് ആണ് പ്രധാന പ്രതിഷ്ഠ
ഐതീഹ്യം
അയ്യങ്കര ഇല്ലത്ത് വാഴുന്നവര്‍ എന്ന നാടുവാഴിക്ക് കുട്ടികള്‍ ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ പത്നിയായ പടിക്കുട്ടി അന്തര്‍ജ്ജനം ശിവഭക്തയായിരുന്നു. ശിവന് ബലിയായി അവര്‍ പലതും അര്‍പ്പിച്ചു. ഒരുദിവസം സ്വപ്നത്തില്‍ അന്തര്‍ജ്ജനം ശിവനെ കണ്ടു. പിറ്റേദിവസം അടുത്തുള്ള ഒരു അരുവിയില്‍ കുളിച്ച് കയറി വരവേ അവര്‍ ഒരു കുഞ്ഞ് പൂമെത്തയില്‍ കിടക്കുന്നതു കണ്ടു. കുട്ടിയെ എടുത്ത് വീട്ടിലേക്കു കൊണ്ടുവന്ന് അവര്‍ സ്വന്തം മകനെപ്പോലെ വളര്‍ത്തിത്തുടങ്ങി. ഈ കുട്ടി ഇവരുടെ മനയ്ക്ക് അടുത്തുള്ള കാട്ടില്‍ അമ്പും വില്ലുമെടുത്ത് വേട്ടയ്ക്കു പോകുന്നത് പതിവായിരുന്നു. താഴ്ന്ന ജാതിക്കാരുമൊത്ത് ഈ കുട്ടി ഭക്ഷണം കഴിക്കുമായിരുന്നു. ഇതു രണ്ടും നമ്പൂ!തിരി ആചാരങ്ങള്‍ക്ക് എതിരായതിനാല്‍ മാതാപിതാക്കള്‍ കുട്ടിയോട് ഇവ നിര്‍ത്തുവാന്‍ അഭ്യര്‍ത്ഥിച്ചു. പക്ഷേ ഈ അഭ്യര്‍ത്ഥന കുട്ടി ചെവിക്കൊണ്ടില്ല. അയ്യങ്കര വാഴുന്നവര്‍ ഇതില്‍ വളരെ നിരാശനായി. ഒരു ദിവസം കുട്ടി അവന്റെ മാതാപിതാക്കളുടെ അടുത്തെത്തി അമ്പും വില്ലുമെടുത്ത് തീക്കണ്ണുകളോടെ തന്റെ വിശ്വരൂപം കാണിച്ചു. മാതാപിതാക്കള്‍ക്ക് ഇത് ഒരു സാധാരണ കുട്ടി അല്ലെന്നും ദൈവമാണെന്നും മനസ്സിലായി. അവര്‍ അവന്റെ മുന്പില് സാഷ്ടാംഗം നമസ്കരിച്ചു. കുട്ടി അവരെ അനുഗ്രഹിച്ചു. ഇതിനു ശേഷം ദൈവം അയ്യങ്കരയിലേക്ക് യാത്രയായി. പക്ഷേ കുന്നത്തൂരിന്റെ പ്രകൃതി സൗന്ദര്യം കണ്ട് ദൈവം അവിടെ തങ്ങുവാന്‍ തീരുമാനിച്ചു. പനമരങ്ങളിലെ കള്ള് കണ്ട് ദൈവം ആകൃഷ്ടനായി.നിരക്ഷരനായ ചന്ദന്‍ എന്ന കള്ള് ചെത്തുകാരന് തന്റെ പനമരങ്ങളില്‍ നിന്ന് എന്നും രാത്രി കള്ള് മോഷണം പോവുന്നതായി കണ്ടുപിടിച്ചു. അങ്ങനെ പനകള്‍ക്ക് കാവല്‍ കിടക്കുവാന് ചന്ദന്‍ തീരുമാനിച്ചു. അങ്ങനെ കാവല്‍ കിടക്കവേ ഒരു വൃദ്ധന് പനയില്‍ നിന്ന് തന്റെ കള്ള് മോഷ്ടിക്കുന്നതായി ചന്ദന്‍ കണ്ടുപിടിച്ചു. തന്റെ അമ്പും വില്ലുമെടുത്ത് ഈ വൃദ്ധനെ പനമരത്തില്‍ നിന്ന് എയ്തിടാന്‍ ചന്ദന്‍ തീരുമാനിച്ചു. അമ്പു തൊടുക്കവേ ചന്ദന്‍ ബോധരഹിതനായി നിലത്തുവീണു. ഭര്‍ത്താവിനെ തിരക്കി വന്ന ചന്ദന്റെ ഭാര്യ അദ്ദേഹം ബോധരഹിതനായി നിലത്തു കിടക്കുന്നതു കണ്ട് നിലവിളിച്ചു. മുകളിലേക്കു നോക്കിയ അവര്‍ മരത്തിനു മുകളില്‍ ഒരു വൃദ്ധനെ കണ്ട് ഒരു അപ്പൂപ്പനെ എന്ന പോലെ മുത്തപ്പാ എന്ന് വിളിച്ചു. ദൈവത്തോട് തന്റെ ഭര്‍ത്താവിനെ രക്ഷിക്കാന്‍ അവര്‍ പ്രാര്‍ത്ഥിച്ചു. പിന്നാലെ അവരുടെ ഭര്‍ത്താവിന് ബോധം തിരിച്ചുവന്നു.
അവര്‍ മുത്തപ്പന് പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും ചുട്ട മീനും കള്ളും നൈവേദ്യമായി അര്‍പ്പിച്ചു. മുത്തപ്പന്റെ അനുഗ്രഹം അവര്‍ അഭ്യര്‍ത്ഥിച്ചു. ചന്ദന്റെ ആഗ്രഹം അനുസരിച്ച് മുത്തപ്പന് കുന്നത്തൂര്‍ തന്റെ ഭവനമായി തിരഞ്ഞെടുത്തു. ഇതാണ് പ്രശസ്തമായ കുന്നത്തൂര്‍ പാടി. ഇന്നും മുത്തപ്പന് ക്ഷേത്രങ്ങളില്‍ വിശ്വാസികള്‍ പുഴുങ്ങിയ ധാന്യങ്ങളും തേങ്ങാപ്പൂളും നൈവേദ്യമായി അര്‍പ്പിക്കുന്നു. കുന്നത്തൂരില്‍ ഏതാനും വര്‍ഷങ്ങള്‍ താമസിച്ചതിനു ശേഷം മുത്തപ്പന് തന്റെ അവതാരത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിനായി കൂടുതല്‍ അനുയോജ്യമായ ഒരിടത്തേക്കു മാറുവാന്‍ തീരുമാനിച്ചു. കുന്നത്തൂരില്‍ നിന്ന് ആകാശത്തേക്ക് മുത്തപ്പന് ഒരു അമ്പ് തൊടുത്തുവിട്ടു. ഈ അമ്പ് പറശ്ശിനിക്കടവില്‍ വന്നു വീണു. ഇവിടെയാണ് പ്രശസ്റ്റമായ പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിനടുത്തുള്ള തീര്‍ത്ഥത്തില്‍ നിന്ന് പ്രകാശം ചൊരിഞ്ഞ ഈ അമ്പ് ഇന്ന് പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ഒരു അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇതിനുശേഷം മുത്തപ്പന് പറശ്ശിനിക്കടവില്‍ വസിക്കുന്നു എന്നാണ് വിശ്വാസം.മുത്തപ്പനെ എപ്പോഴും ഒരു നായ അനുഗമിക്കുന്നു. ഈ ക്ഷേത്രത്തില്‍ നായയെ പാവനമായി കരുതുന്നു. ക്ഷേത്ര പരിസരത്ത് ധാരാളം നായ്കളെ കാണാം
പ്രത്യേകതകള്‍
ഇവിടെ ജാതി-മത ഭേദമെന്യേ ആര്‍ക്കും പ്രവേശിയ്ക്കാം. എത്തുന്നവര്‍ക്കെല്ലാം ചായയും ലഘുഭക്ഷണവും, ഉച്ചയ്ക്കും രാത്രിയിലും ചോറൂണും, രാത്രി കിടക്കാനുള്ള സൌകര്യവും ഇവിടെ തികച്ചും സൌജന്യമായി നല്കുന്നു. മറ്റൊരു ക്ഷേത്രത്തിലുമില്ലാത്ത വിധം ഇവിടെ നിവേദ്യം കള്ളും ചുട്ട മീനുമാണ്. നായ്ക്കള്‍ തികച്ചും സ്വതന്ത്രമായി ഇവിടെ വിഹരിയ്ക്കുന്നു.
മുത്തപ്പന് തെയ്യം
തിരുവപ്പന, വെള്ളാട്ടം എന്നീ രണ്ടു ദൈവിക രൂപങ്ങളുടെ അവതാരമാണ് ശ്രീ മുത്തപ്പൻ എന്നാണ് വിശ്വാസം. ശ്രീ മുത്തപ്പൻ ഒരു ദൈവമാണെങ്കിലും രണ്ട് ദൈവിക രൂപങ്ങളെയാണ് പ്രതിനിധാനം ചെയ്യുക – മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും.
പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ മുത്തപ്പൻ തെയ്യം വർഷം മുഴുവനും കെട്ടിയാടപ്പെടുന്നു.
പ്രധാന ഉത്സവങ്ങള്‍
പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും വൃശ്ചികം 16 (ഡിസംബര്‍ 1, 2 തീയതികളിലായി) ഉത്സവം നടത്തുന്നു.
എല്ലാ വർഷവും തുലാം 1 മുതൽ വൃശ്ചികം 15 വരെയും കാര്‍ത്തിക മാസത്തിലെയും തുലാമാസത്തിലെയും അമാവാസി ദിവസങ്ങള്‍ ,ക്ഷേത്രത്തിലെ നിറ ദിവസങ്ങള്‍,മടപ്പുരകുടുംബങ്ങളി ല്‍ മരണം നടക്കുന്ന ദിവസങ്ങള്‍ എന്നിവയൊഴികെ
എല്ലാ ദിവസവും അതിരാവിലെയും വൈകിട്ടും തിരുവപ്പനയും വെള്ളാട്ടവും നടക്കുന്നു.
പ്രധാന വഴിപാടുകള്‍
മുത്തപ്പന്റെ പ്രധാന വഴിപാടുകൾ പയംകുറ്റി, വെള്ളാട്ടം, തിരുവപ്പന എന്നിവയാണ് പ്രധാനവഴിപാടുകള്‍.ഈവഴിപാടുകള് രാവിലെ 5.30 മുതല്‍ 8.00 മണിയ്ക്കുള്ളില്‍ നടത്തപ്പെടുന്നു.വെള്ളാട്ടം വഴിപാട് വൈകെന്നേരം 6 മണിയ്ക്ക് ശേഷവും നടത്താറുണ്ട്.
ക്ഷേത്ര ദര്‍ശന സമയം
രാവിലെ 5.00 am – 8.00 am
വൈകുന്നേരം-6.30 pm – 8.30 pm
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
പ്രധാനപട്ടണമായ കണ്ണൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെസ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക്കണ്ണൂർ മുനിസിപ്പൽ ബസ് സ്റ്റാന്റിൽ നിന്ന് പറശ്ശിനിക്കടവിലേക്ക് എപ്പോഴും ബസ്സും ടാക്സിയും ലഭ്യമാണ്.
അടുത്തറെയില്‍വേ സ്റ്റേഷന് – കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് [ 16.km]
അടുത്ത വിമാനത്താവളം കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം -[ 110 km]
ക്ഷേത്ര മേല്‍വിലാസം – പറശ്ശിനിക്കടവ് മുത്തപ്പന്
ക്ഷേത്രം , പറശ്ശിനിക്കടവ് ,കണ്ണൂര്‍ ജില്ല – 670563
ഫോണ്‍:0497 278 0722