ദക്ഷിണേന്ത്യയിലെ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ശുചീന്ദ്രം സ്ഥാണുമാലയ പെരുമാള്‍ ക്ഷേത്രം. ത്രിമൂര്‍ത്തികളായ ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കല്‍പ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ. ചുവര്‍ചിത്രങ്ങളും ശില്‍പങ്ങളും നിറഞ്ഞ ക്ഷേത്രം അവ കൊണ്ടും ശ്രദ്ധ നേടുന്നു.ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കൽമണ്ഡപം ശിൽപകലയുടെ മറ്റൊരു ഉദാത്ത മാതൃകയാണ്. സപ്തസ്വരങ്ങൾ കേൾക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്. 18 അടിയോളം ഉയരമുള്ള ഹനുമാൻ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്
നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്‍റെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ശില്‍പികളുടെ കരവിരുത് ഏതോരു സന്ദര്‍ശകനും നല്ലൊരു അനുഭവമാണ്. ഹിന്ദു ദേവന്‍മാരുടേയും ദേവതകളുടേയും കൊത്തുപണികളാണ് ഗോപുരത്തിലെ മറ്റൊരു പ്രതേൃകത. പ്രവേശന കവാടത്തിലെ കൊത്തുപണികളാല്‍ അലങ്കൃതമായ 25 അടിയോളം ഉയരമുള്ള വാതിലും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്
.ഐതിഹ്യം
ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളുണ്ട്. അത്രി മഹർഷിയുടെ ഭാര്യ അനസൂയയുടെ പാതിവ്രത്യവുമായി ബന്ധപ്പെട്ടതാണിതിൽ പ്രധാനം. ദേവൻമാരുടെ രാജാവായ ഇന്ദ്രനുമായും ശുചീന്ദ്രത്തെ ബന്ധപ്പെടുത്തി ഐതിഹ്യമുണ്ട്
അത്രി മഹർഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭർത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹർഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോൽപ്പത്തിയ്ക്ക് കാരണമായി പറയുന്നത്. ഒരിക്കൽ അവിടെ മഴ പെയ്യാതായി. അതിൻറെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹർഷിയ്ക്ക് ഉത്തരം നൽകാൻ ത്രിമൂർത്തികൾക്കു പോലുമായില്ല. പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹർഷി ഹിമാലയത്തിലേയ്ക്ക് പോയി. അനസൂയ ജ്ഞാനാരണ്യത്തിൽ ഒറ്റയ്ക്കാണെന്ന ചിന്ത മഹർഷിയെ ആദ്യമതിന് സമ്മതിച്ചില്ല. എന്നാൽ മഹർഷിയുടെ ധർമ്മസങ്കടം മനസ്സിലാക്കിയ ദേവി ഭർത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തിൽ പോകാൻ അപേക്ഷിച്ചു. മഹർഷി യാത്രയാകും മുമ്പ് അദ്ദേഹത്തിൻറെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭർത്താവിൻറെ അഭാവത്തിൽ തനിയ്ക്കിത് ശക്തി നൽകുമെന്നും അവർ വിശ്വസിച്ചു.
ഭർത്താവിൻറെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാർഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹർഷി നാരദൻ വഴി മൂന്ന് ദേവിമാരുടെ (ലക്ഷ്മി, സരസ്വതി, പാർവ്വതി) ചെവിയിലുമെത്തി. അനസൂയയുടെ ഭർത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാർ അവരെ പരീക്ഷിയ്ക്കാൻ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭർത്താക്കൻമാരെ അനസൂയയുടെ അടുത്തേക്ക് അയക്കാൻ തീരുമാനിച്ചു. തുടർന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂർത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി. സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവർ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോൾ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു. വിവസ്ത്രയായി വേണം ഞങ്ങൾക്ക് ഭിക്ഷയും ആഹാരവും തരാൻ. ഇതുകേട്ട അനസൂയ ഒരു നിമിഷം തൻറെ ഭർത്താവിൻറെ പാദ പൂജ ചെയ്ത ജലത്തിൽ നോക്കി പ്രാർഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂർത്തികൾ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു
ദേ വേന്ദ്രൻ നിർമ്മിച്ച ക്ഷേത്രമെന്നാണ് മറ്റൊരു വിശ്വാസം. ഗൗതമമഹർഷിയുടെ ഭാര്യ അഹല്യയുടെ സൗന്ദര്യത്തിൽ ഇന്ദ്രൻ അനുരക്തനാവുന്നു. ഒരു ദിവസം രാത്രി ഗൗതമ മഹർഷിയുടെ പർണ്ണശാലയിലെത്തിയ ഇന്ദ്രൻ കോഴിയുടെ രൂപം സ്വീകരിച്ചു കൂവുന്നു. ഇതുകേട്ടുണർന്ന ഗൗതമമഹർഷി നേരം പുലർന്നെന്നു കരുതി പൂജകൾക്കായി തൊട്ടടുത്തുള്ള നദിക്കരയിൽ പോയി. തുടർന്ന് ഗൗതമമഹർഷിയുടെ രൂപം സ്വീകരിച്ച ഇന്ദ്രൻ അഹല്യയെ സമീപിക്കുന്നു. സ്നാദി-പൂജകൾക്കായി പോയ ഗൗതമഹർഷി ഇരുട്ടു മാറിയില്ലെന്നു മനസിലാക്കി പർണ്ണശാലയിൽ തിരികെയെത്തുന്നു. അപ്പോൾ വേഷപ്രച്ഛന്നനായ ഇന്ദ്രനൊപ്പമുള്ള അഹല്യയെയാണ് മഹർഷി കാണുന്നത്. രോക്ഷാകുലനായ മഹർഷി ശിലയായി പോകട്ടൈയെന്ന് അഹല്യയേയും സഹസ്രമുഖനായി മാറട്ടൈയെന്ന് ഇന്ദ്രനേയും ശപിച്ചു. ശാപമോക്ഷത്തിനായി ജ്ഞാനാരണ്യത്തിലെത്തി ദേവേന്ദ്രൻ ത്രിമൂർത്തികളെ തപസു ചെയ്തെന്നും അവർ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് ശാപമോക്ഷം നൽകിയെന്നുമാണ് വിശ്വാസം. തുടർന്ന് ഇന്ദ്രൻ ത്രിമൂർത്തികൾക്കായി ക്ഷേത്രം പണിയുകയായിരുന്നത്രേ
ഉത്സവം
പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാർകഴിയും ചിത്തിരയും. ഡിസംബർ / ജനുവരി മാസത്തിലാണ് ഒൻപത് ദിവസത്തെ മാർകഴി ഉത്സവം നടക്കുക. അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളിൽ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ഏപ്രിൽ / മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക.
വഴിപാട്
ഹനുമാന് വടമാല ചാർത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളിൽ ഒന്നാണ്.
ക്ഷേത്രത്തിലേയ്ക്ക് എങ്ങനെ എത്തിച്ചേരാം
കന്യാകുമാരിയ്ക്കും നാഗർ കോവിലിനും ഇടയില സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേയ്ക്ക് ,തിരുവനന്തപുരത്ത് നിന്നും നാഗർകൊവിലിൽ നിന്നും കന്യാകുമാരിയിൽ നിന്നും ബസ് സൗകര്യം ലഭ്യമാണ് .
അടുത്ത റെയിൽവേ സ്റേഷൻ —നാഗർകോവിൽ
അടുത്ത വിമാനത്താവളം .—തിരുവന്തപുരം അന്തർദേശീയ വിമാനത്താവളം
വിലാസം
സ്ഥാണു മലയാൻ ക്ഷേത്രം
കന്യാകുമാരി ജില്ല തമിഴ്നാട്
ഇന്ത്യ
ഫോണ്‍-04652 -241421