തൃക്കടവൂര്‍ മഹാദേവ ക്ഷേത്രം
കൊല്ലം ജില്ലയിലെ തൃക്കടവൂർ പഞ്ചായത്തിലെ കടവൂരിലാണ് പുരാതനമായ തൃക്കടവൂർ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്
ഐതീഹ്യം
മക്കളില്ലാതെ ദുഖിച്ചിരുന്ന ഋഷി മൃകണ്ടുവിന്റെയും പത്നിയുടെയും മുമ്പില്‍ ഒരു ദിവസം പരമേശ്വരന് പ്രത്യക്ഷനായി. അല്പായുസ്സായ ഒരു ദിവ്യപുത്രനെയാണോ അതോ മന്ദബുദ്ധിയായ ദീര്ഘായുഷ്മാനെയാണോ വേണ്ടതെന്ന് ഭഗവാന് ചോദിച്ചു. ഋഷിയാകട്ടെ ആദ്യത്തേതുമതിയെന്നു പറഞ്ഞു. അവര്‍ക്കു ജനിച്ച പുത്രന് മാര്ക്കണ്ഡേയനെന്ന് പേരിട്ടു. അവനായുസ്സു പതിനാറു വയസ്സുവരെ മാത്രം. വലിയൊരു ശിവഭക്തനായ മാര്‍ക്കണ്ഡേയന്റെ ഭുമിയിലെ അവസാന ദിനവുമെത്തി. ബാലന് ശിവലിംഗത്തിനു മുമ്പില്‍ സര്‍വ്വം വിസ്മരിച്ച് പ്രാര്‍ത്ഥനാനിരതനായിരുന്നു. ഇതു മൂലം യമദൂതന് അവനെ കൊണ്ടു പോകാന്‍ കഴിയാതെ വന്നു. ഒടുവില്‍ യമന്‍ നേരിട്ടെത്തി. മാര്‍ക്കണ്ഡേയന്റെ കഴുത്ത് ലക്ഷ്യമിട്ട് പാശത്തിന്റെ കുരുക്കെറിഞ്ഞു. വിധി വശാല്‍ കയറിന്റെ കുരുക്ക് വീണത് ശിവലിംഗത്തിലായിരുന്നു. ഉഗ്രകോപത്തോടെ ശിവന് പ്രത്യക്ഷനായി. തുടര്‍ന്നു നടന്ന യുദ്ധാവസാനം മാര്ക്കണ്ഡേയന് ഒരിക്കലും മരണമില്ലെന്ന് യമന്‍ വാക്കു കൊടുക്കേണ്ടി വന്നു. സാക്ഷാല്‍ യമനെത്തന്നെ മരണ വക്രത്തിലെത്തിച്ചതിനാല് ശിവന് കാലാന്തകന്‍ എന്ന പേരു കൂടി സിദ്ധിച്ചു. ഇതെല്ലാം നടക്കുന്നത് ഇന്നത്തെ തൃമാര്ക്കണ്ഡേയന് പൂജിച്ചിരുന്ന ശിവലിംഗശില കാലപ്രവാഹത്തില്‍ മണ്ണടിഞ്ഞു.
സഹസ്രാബ്ദങ്ങള്‍ക്ക് ശേഷം ആ പുണ്യഭൂമി മഹാവനമായി. അവിടെ ഒരു ദിവ്യബ്രാഹ്മണന്‍ ആശ്രമം കെട്ടി തപസുചെയ്തുവന്നു. ഒരു ദിവസം ആശ്രമത്തിനരികെ വിശ്രമിച്ചിരിക്കെ ഒരു ശിലയില്‍ സര്‍പ്പം ഇരിക്കുന്നതു കണ്ടു. ഉടന്‍തന്നെ ആ ശിലയുടെ മഹത്വം ജ്ഞാനദൃഷ്ടിയില്‍ കണ്ടറിഞ്ഞ മഹര്‍ഷി അതിനെ യഥോചിതം പ്രതിഷ്ഠിച്ചു ആരാധിച്ചു തുടങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം മഹര്ഷിവര്യന് മഹാസമാധിയടഞ്ഞു. ആശ്രമം അനാഥമായി. കാലക്രമേണ ആശ്രമസമീപത്തെ നദിയിലെ വെള്ളം വറ്റി അവിടം ചതുപ്പായി. കുറെ വര്‍ഷങ്ങള്‍ക്കുശേഷം ആ പ്രദേശത്തെ ഉത്തമനായ ഒരു ഗൃഹസ്ഥന് കൊച്ചുമകളുടെ കയ്യില്‍ ദിനവും തന്റെ ബന്ധുവീട്ടിലേക്ക് കൊടുത്തയയ്ക്കുന്ന പശുവിന്റെ പാല് കാട്ടിലെ നടപ്പാതയിലെ വേരിന്മേല് പതിക്കുവാനിടയായി. ഇത് ആവര്‍ത്തിക്കുകയാല്‍ കുപിതനായ ഗൃഹസ്ഥന് കോടാലിയുമായി വന്ന് ആ വേരിനെ ലക്ഷ്യമാക്കി ആഞ്ഞുവെട്ടി. വെട്ടേറ്റ വേര് അറ്റുപോവുകയും തല്‍സ്ഥാനത്തുനിന്നും രക്തം ഒഴുകുന്നത് കണ്ട് അദ്ദേഹം ബോധരഹിതനായി. സംഭവമറിഞ്ഞ് ബന്ധുക്കളും നാട്ടുപ്രമാണികളും നാടുവാഴിയും സംഭവസ്ഥലത്തെത്തി.
പിന്നീട് എല്ലാവരും കൂടിയാലോചിച്ച് നിപുണനായ . ജ്യോത്സ്യന്റെ നിര്‍ദ്ദേശാനുസരണം കരുണാമൂര്‍ത്തിയും ഭക്തവത്സലനുമായ ശ്രീ മഹാദേവന്റെ സാന്നിദ്ധ്യം മനസിലാക്കി വേരുമുറിച്ച സ്ഥലത്ത് ശ്രീകോവില്‍ പണിത് യഥാവിധി പ്രതിഷ്ഠിച്ചു. പ്രസ്തുത ശിലാലിംഗത്തിന്റെ ഉപരിതലം വെട്ടേറ്റ് ചിദ്രമായിരുന്നുവെങ്കിലും സ്വയംഭൂവാകയാല് ആ ശില തന്നെ മതിയെന്നുള്ള അഭിജ്ഞമതപ്രകാരം മാര്ക്കണ്ഡേയന് ആരാധിച്ചിരുന്ന ശിവലിംഗം തന്നെ സുപ്രതിഷ്ഠിതമായി.
പ്രതിഷ്ഠ
സ്വയംഭൂവായ പരമശിവനെ പടിഞ്ഞാറ് ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.
ഉപദേവതകള്‍
നാലമ്പലത്തിനകത്ത് ഗണപതിയും പുറത്ത് വടക്കുവശത്തായി യക്ഷിയമ്മയും തെക്കുഭാഗത്ത് ശ്രീ അയ്യപ്പനും കിഴക്ക് തെക്കേ മൂലയിൽ നാഗരാജാവും നാഗയക്ഷിയും ബ്രഹ്മരക്ഷസുമുണ്ട്.. ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് പ്രത്യേക ശ്രീകോവിലിൽ ശ്രീകൃഷ്ണൻ. ഇവരാണ് ഉപദേവ പ്രതിഷ്ഠകള്‍.ശ്രീകൃഷ്ണനെ പ്രതിഷ്ഠനടത്തിയത് വില്വമംഗലം സ്വാമിയാര് ആണെന്നാണ്ഐതീഹ്യം.
പ്രധാനവഴിപാടുകള്‍
മൃത്യുഞ്ജയഹോമവും ജലധാരയും പ്രധാന വഴിപാടുകളില്‍ പ്രസിദ്ധമാണ്. ശനിയാഴ്ച ദിവസം പ്രത്യേകപൂജകളും ക്ഷേത്രങ്ങളില്‍ നടക്കാറുണ്ട്. കൂടാതെ വില്വമംഗലം സ്വാമിയാര് തുടങ്ങിവച്ച ശയനപ്രദക്ഷിണവും പ്രധാന വഴിപാടാണ്
പ്രധാനഉത്സവങ്ങള്
കുംഭത്തിലെ തിരുവാതിര ആറാട്ട് വരത്തക്കവിധം കൊടിയേറി പത്തുദിവസമാണ്ഇവിടുത്തെ ഉത്സവം.
കെട്ടു കുതിരകള്‍
കെട്ടുകാഴ്ചകളിൽ കേരളത്തില്‍ ഏറ്റവുമധികം എടുപ്പ് കുതിരകളുള്ള ക്ഷേത്രമാണിത്.
ക്ഷേത്രത്തിലേയ്ക്കുള്ള വഴി
കൊല്ലം പട്ടണത്തില്‍ നിന്ന് 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തില്‍ എത്തിച്ചേരാം.
അടുത്ത റെയില്‍വേ സ്റ്റേഷന്- കൊല്ലം റെയില്‍വേ സ്റ്റേഷന് -[6 km ]
അടുത്ത വിമാനത്താവളം – തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം – [71 km]
ക്ഷേത്ര മേല്‍വിലാസം
തൃക്കടവൂര്‍ മഹാദേവക്ഷേത്രം,ത്രിക്കടവൂര് ,കൊല്ലം ജില്ല-691601.
ഫോണ്‍: +974 3007 8478